തൃശ്ശൂർ എടിഎം കവർച്ച: പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

Anjana

Thrissur ATM robbery evidence collection

തൃശ്ശൂരിലെ എടിഎം കവർച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. ഷോർണൂർ റോഡിലെ എസ്ബിഐ എടിഎമ്മിലാണ് നാലു പ്രതികളെ എത്തിച്ചത്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. എടിഎമ്മിലേക്ക് എത്തിയതും ലേസർ കട്ടർ ഉപയോഗിച്ച് മെഷീൻ തകർത്തതും പ്രതികൾ വിശദീകരിച്ചു.

മോഷണത്തിനുപയോഗിച്ച ആയുധങ്ങൾ വിയ്യൂർ താണിക്കുടം പുഴയിൽ നിന്നും കണ്ടെടുത്തു. മോഷണശേഷം രക്ഷപ്പെടുന്നതിനിടെ താണിക്കുടം പാലത്തിൽ കാർ നിർത്തി പ്രതികൾ ആയുധങ്ങൾ പുഴയിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സിനെ എത്തിച്ചാണ് പുഴയിൽ നിന്നും ഇവ കണ്ടെടുത്തത്. ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹരിയാനയിൽ നിന്നുള്ള ഏഴംഗ സംഘമാണ് കഴിഞ്ഞ 27ന് പുലർച്ചെ തൃശ്ശൂരിലെത്തിയത്. അഞ്ചംഗ സംഘം മൂന്ന് എടിഎമ്മുകൾ തകർത്ത് 66 ലക്ഷം രൂപ കവർന്നു. പുലർച്ചെ രണ്ടു മണി മുതൽ നാലു മണിക്കുള്ളിൽ മാപ്രാണം, തൃശൂർ ഷോർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് തകർത്തത്. മറ്റു രണ്ടു എടിഎമ്മുകളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.

Story Highlights: ATM robbery suspects in Thrissur taken for evidence collection, weapons recovered from river

Leave a Comment