ആലപ്പുഴ: സ്കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി സമർപ്പിച്ച പീഡന പരാതിയിൽ വാസ്തവമില്ലെന്ന് പോലീസ്.
സ്കൂളിൽ പോകാനുള്ള മടിയാണ് പീഡനകഥയുണ്ടാക്കാൻ പ്രേരിപ്പിച്ചതെന്നും സൂചന.
നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ മൊബൈൽ ഗെയ്മുകൾക്ക് അടിമയായ പെൺകുട്ടി ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്കൂളിൽ പോകുന്നില്ലെന്നു പറഞ്ഞു വീട്ടിൽ വാശിപിടിച്ചിരുന്നു.
രണ്ടുവർഷമായി പെൺകുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. എന്നാൽ, മൊബൈൽ തിരികെ നൽകി സ്കൂളിലേക്കു പോകണമെന്നു വീട്ടുകാർ ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ മൊബൈൽ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്.ഇതു കടുത്ത മാനസിക ആഘാതത്തിനു കാരണമായേക്കാം.
ഇതിന്റെ ഫലമായായാണ് കുട്ടി പീഡനകഥ മെനഞ്ഞതെന്നുമാണ് പോലീസിന്റെ നിഗമനം.സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു കുട്ടി വീട്ടുകാരോട് പറഞ്ഞത്.
തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.അന്വേഷണവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും അയൽവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ പെൺകുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ തുടക്കത്തിൽ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.തന്നെ പീഡനത്തിനു ഇരയാക്കിയതായി കുട്ടി ചൂണ്ടിക്കാട്ടിയ ആളുകളെ ചോദ്യം ചെയ്തപ്പോൾ സംഭവ സമയത്ത് ഇവർ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും പോലീസിനു ലഭിച്ചു.
കൂടാതെ വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ല.
ഇതോടെയാണ് കുട്ടിയുടെ പീഡന പരാതി നുണക്കഥയാണെന്ന് മനസിലാക്കാൻ സാധിച്ചത്.
പരാതി ആരുടെയെങ്കിലും പ്രേരണയെ തുടർന്ന് നൽകിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Story highlight : The student’s complaint that she was molested by five people proved to be fake.