താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നിൽ പ്രതികാരമാണെന്ന് പോലീസ്. എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സംഘർഷത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ട്യൂഷൻ സെന്ററിൽ നടന്ന ‘ഫെയർവെൽ പാർട്ടി’യിൽ തങ്ങളെ കൂകിവിളിച്ചതിന് പ്രതികാരം ചെയ്യാനാണ് സംഘർഷമുണ്ടാക്കിയതെന്ന് കസ്റ്റഡിയിലുള്ള വിദ്യാർത്ഥികൾ മൊഴി നൽകി. ഞായറാഴ്ചയായിരുന്നു പാർട്ടി നടന്നത്.
പാർട്ടിയിൽ എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ കപ്പിൾ ഡാൻസ് കളിച്ചിരുന്നു. ഈ സമയം മൊബൈലിൽ പ്ലേ ചെയ്ത പാട്ട് പെട്ടെന്ന് നിന്നുപോയതിനെ തുടർന്ന് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചിരുന്നു. ഇതിനുള്ള പ്രതികാര നടപടിയായാണ് പിന്നീട് സംഘർഷമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകൾ വഴിയാണ് എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്തത്. താമരശ്ശേരി സ്കൂളിലെ കുട്ടികളെ നേരിടാൻ ട്യൂഷൻ സെന്ററിൽ പഠിക്കാത്ത മുഹമ്മദ് ഷഹബാസിനെ സുഹൃത്തുക്കൾ വിളിച്ചുവരുത്തിയിരുന്നു. വിദ്യാർത്ഥികളുടെ കൈവശം നഞ്ചക്ക്, ഇടിവള തുടങ്ങിയ മാരകായുധങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന് 70% ക്ഷതമേറ്റ ഷഹബാസ് കോമയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.
സംഭവത്തിൽ നാല് വിദ്യാർത്ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷത്തിന് കാരണമായ സംഭവങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കൂടുതൽ വിദ്യാർത്ഥികൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Tenth-grade students clashed in Thamarassery, Kerala, allegedly due to a previous dispute at a tuition center farewell party.