ബിഹാറിലെ സരൺ ജില്ലയിൽ യൂട്യൂബ് വീഡിയോ കണ്ട് മൂത്രാശയത്തിലെ കല്ല് നീക്കാൻ ശ്രമിച്ച വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയയിൽ കൗമാരക്കാരൻ മരണപ്പെട്ടു. ഗോലു എന്ന് വിളിക്കപ്പെടുന്ന കൃഷ്ണ കുമാറാണ് മരിച്ചത്. ശസ്ത്രക്രിയ നടത്തിയ അജിത് കുമാർ പുരിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ഗോപാൽഗഞ്ച് എസ്പി കുമാർ ആശിഷ് അറിയിച്ചു.
വയറുവേദന മൂലം ദീർഘനാളായി അസ്വസ്ഥത അനുഭവിച്ചിരുന്ന ഗോലു, ധർമബാഗി ബസാറിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. മൂത്രാശയത്തിൽ കല്ലുണ്ടെന്നും അത് നീക്കം ചെയ്യണമെന്നും അജിത് കുമാർ നിർദേശിച്ചു. യൂട്യൂബ് നോക്കിയാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതോടെ കുട്ടിയുടെ ആരോഗ്യനില വഷളായെന്നും കുടുംബം ആരോപിച്ചു.
തുടർന്ന് പാറ്റ്നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സെപ്റ്റംബർ ഏഴിന് കുട്ടി മരണമടഞ്ഞു. ശസ്ത്രക്രിയ സമയത്ത് അജിത് കുമാർ തന്നെ ഡീസൽ വാങ്ങാൻ അയച്ചതായും തിരിച്ചെത്തിയപ്പോൾ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തുന്നത് കണ്ടതായും ഗോലുവിന്റെ മുത്തച്ഛൻ പറഞ്ഞു. അനുമതിയില്ലാതെയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയക്കുശേഷം കുട്ടിയുടെ വയറുവേദന മൂർച്ഛിച്ചതോടെ അജിത് കുമാർ തന്നെയാണ് ആംബുലൻസ് വിളിച്ച് പാറ്റ്നയിലേക്ക് അയച്ചത്. കുട്ടി മരിച്ചെന്നറിഞ്ഞപ്പോൾ അജിത് കുമാർ വാഹനത്തിൽ നിന്നിറങ്ងി രക്ഷപ്പെട്ടതായും കുടുംബം പരാതിപ്പെട്ടു.
Story Highlights: Teenager in Bihar dies after fake doctor conducts youtube guided surgery