തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കല്ലാലിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊടുംകുറ്റവാളി രാജ്കുമാര് അവസാനം പൊലീസ് പിടിയിലായി. സ്ത്രീകളെ മാത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഈ കുറ്റവാളിയെ രക്ഷപ്പെട്ടോടുന്നതിനിടയിലാണ് പിടികൂടിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലത്തിനു മുകളില്‍ നിന്നും ചാടിയ രാജ് കുമാറിന്റെ ഒരു കാല് ഒടിഞ്ഞ അവസ്ഥയിലാണ് പിടികൂടിയത്.
കാലിമേയ്ക്കാനും മറ്റും ഒറ്റക്ക് പുറത്തിറങ്ങുന്ന സ്ത്രീകളെ ആക്രമിക്കുകയും ലൈംഗിക അതിക്രമത്തിനു പുറമേ അവരെ കൊള്ളയടിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇയാളുടേത്. ഒട്ടേറെ സ്ത്രീകളെയാണ് ഇയാൾ ഇത്തരത്തിൽ ഉപദ്രവിച്ചത്. പരാതികൾ ഒരുപാട് എത്തിയതോടെ പൊലീസ് നാട്ടിലെ യുവാക്കളെ കൂടി ഉള്‍പ്പെടുത്തി തെരച്ചിൽ നടത്തി.
വനത്തില്‍ തെരച്ചിലിനെത്തിയ പൊലീസ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പാലത്തിനു മുകളില്‍ നിന്നും താഴേക്ക് ചാടിയത്. ആ ചാട്ടത്തിൽ ഇയാളുടെ കാൽ ഒടിയുകയും പൊലീസ് പിടിയിലാകുകയുമായിരുന്നു. കീലപൂങ്ങുടി സ്വദേശിയായ രാജ്കുമാറിനെതിരെ ഇത്തരം നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇയാളുടെ അറസ്റ്റോടെ നാട്ടുകാർക്ക് ആശ്വാസമായിരിക്കുകയാണ്.
Story Highlights: Serial offender targeting women arrested in Tamil Nadu after dramatic escape attempt