**മുംബൈ (മഹാരാഷ്ട്ര)◾:** മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നതിനായി ദില്ലിയിലെ പട്യാല ഹൗസ് എൻഐഎ പ്രത്യേക കോടതി 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. റാണയെ ഇന്ത്യയിൽ സഹായിക്കുന്ന ചില കണ്ണികളുണ്ടെന്ന സംശയത്തിൽ അന്വേഷണ സംഘം വ്യക്തത തേടുന്നു. ഭീകരാക്രമണത്തിൽ റാണയുടെ പങ്ക് സംബന്ധിച്ചുള്ള തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.
റാണയെ ചോദ്യം ചെയ്യുന്നതിനായി 12 പേരുടെ സംഘത്തെ എൻഐഎ നിയോഗിച്ചിട്ടുണ്ട്. പ്രത്യേക ജഡ്ജി ചന്ദർ ജിത് സിംഗാണ് റാണയെ കസ്റ്റഡിയിൽ വിട്ടത്. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് എൻഐഎ വാദിച്ചു.
ഇന്നലെ വൈകിട്ട് ആറരയോടെ പ്രത്യേക സൈനിക വിമാനത്തിലാണ് യുഎസിൽ നിന്നും റാണയെ ഇന്ത്യയിൽ എത്തിച്ചത്. റാണയെ 20 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻഐഎയുടെ ആവശ്യം. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചത്.
റാണയെ ഡൽഹിയിലെത്തിച്ചതോടെ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എൻഐഎ ആസ്ഥാനത്ത് വച്ചായിരിക്കും ചോദ്യം ചെയ്യൽ നടക്കുക. മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ റാണയുടെ പങ്ക് വെളിപ്പെടുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
Story Highlights: Tahawwur Rana, the mastermind of the 26/11 Mumbai attacks, has been sent to 18-day NIA custody by a Delhi court.