ഡൽഹി പട്യാല ഹൗസ് കോടതി തഹാവ്വൂർ റാണയുടെ കസ്റ്റഡി കാലാവധി 12 ദിവസത്തേക്ക് നീട്ടി. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനാണ് തഹാവ്വൂർ റാണ. ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ റാണയിൽ നിന്ന് ലഭിക്കുമെന്നും കസ്റ്റഡി കാലാവധി നീട്ടണമെന്നും എൻഐഎ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
നിലവിലെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് റാണയെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. കനത്ത സുരക്ഷയിൽ മുഖം മറച്ചാണ് റാണയെ കോടതിയിൽ എത്തിച്ചത്. കേരളത്തിൽ എത്തിയത് പരിചയക്കാരെ കാണാനാണെന്നായിരുന്നു റാണയുടെ മൊഴി.
ഡേവിഡ് കോൾമാൻ ഹെഡ്ലി, ലഷ്കർ ഇ തൊയ്ബ, പാകിസ്താൻ സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് തഹാവ്വൂർ റാണ. ഭീകരാക്രമണത്തിന് പിന്നിൽ ഹെഡ്ലിയാണെന്നും മുംബൈ, ഡൽഹി, കേരളം എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നുവെന്നും റാണ മൊഴി നൽകിയിട്ടുണ്ട്. ഈ മാസം 10നാണ് യുഎസ് റാണയെ ഇന്ത്യയ്ക്ക് കൈമാറിയത്.
ഇന്ത്യയ്ക്കെതിരായ ഐഎസ്ഐയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു റാണ. അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തിൽ എത്തിയേക്കും. റാണയെ ചോദ്യം ചെയ്യാനായി പാർപ്പിച്ചിരുന്ന എൻഐഎ ആസ്ഥാനത്തിന്റെ സുരക്ഷ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർധിപ്പിച്ചിരുന്നു.
Story Highlights: Tahawwur Rana, the mastermind behind the 26/11 Mumbai terror attacks, has had his NIA custody extended by 12 days by a Delhi court.