കാട്ടാക്കട
◾ ട്യൂഷന് പോയ വിദ്യാർഥിനിയെ തെരുവ് നായ ആക്രമിച്ചു. ആക്രമണത്തിൽ കാലിനു പരുക്കേറ്റു. കാട്ടാക്കട ടാക്സി സ്റ്റാൻഡിനു സമീപം ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
നടന്നു പോകുകയായിരുന്ന ചാരുപാറ ഇടത്തിങ്ങൽ ശ്രീകണ്ഠ സദനത്തിൽ ഗൗരി(19)യെ എതിർ ദിശയിൽ നിന്നും വന്ന തെരുവ് നായ ആക്രമിക്കുകയായിരുന്നു. കാട്ടാക്കട ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 ദിവസം മുൻപും ഈ പ്രദേശത്ത് തെരുവ് നായ ആക്രമണമുണ്ടായിരുന്നു.
കെഎസ്ആർടിസി ഡിപ്പോ പരിസരവും പാരലൽ കോളജ് ലൈനും തെരുവ് നായ്ക്കളുടെ കേന്ദ്രമാണ്. രാത്രിയും പകലും പലർക്കും നായ്ക്കളുടെ ആക്രമണം പതിവാണ്. ഇവിടെ തമ്പടിക്കുന്ന തെരുവ് നായ്ക്കളെ പിടികൂടാൻ നടപടി ഇല്ല.
ഡിപ്പോയിൽ എത്തുന്ന യാത്രികരെ ആക്രമിക്കുന്നത് നിത്യ സംഭവമാണ്. രാവിലെ കുട്ടികളെ പട്ടികൾ ഓടിക്കുന്നത് പതിവാണ്. പലവട്ടം പരാതി പറഞ്ഞിട്ടും ആരും നടപടി സ്വീകരിക്കുന്നില്ല.
ആക്രമണത്തിന് ഇരയാകുന്ന പലരും മറ്റ് സ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തുന്നവരായതിനാൽ പുറം ലോകം അറിയുന്നില്ലെന്ന് മാത്രം. ഡിപ്പോയിലെ വാണിജ്യ സമുച്ചയത്തിലുള്ള ചില വ്യാപാരികളും ചില ജീവനക്കാരും തെരുവ് നായ്ക്കൾക്ക് കൃത്യമായി ഭക്ഷണം നൽകുന്നതിനാൽ ഇവ ഇവിടെ നിന്ന് ഒഴിഞ്ഞ് പോകുന്നില്ല. ചില കടകൾക്ക് നായ്ക്കൾ കാവലായി കൂടെയുണ്ട്.
Story Highlights:
A 19-year-old student was injured in a stray dog attack in Kattakkada while on her way to tuition.