കോഴിക്കോട് മിഠായിത്തെരുവിൽ കോർപ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാർക്ക് കച്ചവടം നടത്താൻ അനുമതി നൽകി. 36 കേന്ദ്രങ്ങൾ ഇതിനായി കോർപ്പറേഷൻ മാർക്ക് ചെയ്ത് നൽകും. വ്യാപാരികളും പോലീസും വെൻഡിങ് കമ്മറ്റിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കടകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും വഴിയോരക്കച്ചവടം നടത്താനാകില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതിനു പിന്നാലെ ഇന്ന് കച്ചവടക്കാരും പോലീസും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.
നൂറിലേറെ വഴിയോര കച്ചവടക്കാർക്കാണ് മിഠായിത്തെരുവിൽ പ്രവർത്തിക്കാൻ അനുമതിയുള്ളത്. വഴിയോര കച്ചവടം തുടങ്ങിയാൽ ജനത്തിരക്ക് കൂടുമെന്നും അതിനാൽ കച്ചവടം നടത്തിയാൽ പിടിച്ചെടുക്കുമെന്നും പോലീസ് നിലപാട് സ്വീകരിച്ചിരുന്നു.
ഇതോടെയാണ് കച്ചവടക്കാർ സംഘടിച്ചെത്തിയത്. ഇതിനുപിന്നാലെ സ്ട്രീറ്റ് വെൻഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
Story Highlights: Street vendors allowed in kozhikode sm street.