കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ഏതാനും ഷോപ്പിംഗ് മാളുകൾ അനധികൃതമായി പാർക്കിങ് ചാർജ് ഈടാക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്.
രണ്ടു മണിക്കൂറിന് 10 മുതൽ 30 രൂപ വരെയാണ് ഇവർ പാർക്കിങ് ചാർജായി ഉപഭോക്താവിൽ നിന്നും കൈപ്പറ്റുന്നത്.
സാധാരണ ജനങ്ങൾ ഉൾപ്പെടെയുള്ളവർ ഇങ്ങനെയുള്ള പാർക്കിങ് ചാർജുകളെ നിയമപ്രകാരമുള്ള സംവിധാനമായാണ് കണക്കാക്കിയിരിക്കുന്നത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലുള്ള പാർക്കിങ് ചാർജുകൾ അനധികൃതമാണെന്നാണ് വ്യക്തമാകുന്നത്.
വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിൽ മാത്രമാണ് കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുക.
വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പാർക്കിംഗ് അനുമതി നേടിയശേഷം പാർക്കിങ് ചാർജ് ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അത് നിയമപരമായ നടപടി അല്ലെന്നുമാണ് കോഴിക്കോട് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കുന്നത്.
എന്നാൽ ഈടാക്കുന്നത് സർവീസ് ചാർജാണെന്നാണ് മാളുകളുടെ വിശദീകരണം.
നിയമപ്രകാരം ഒരു ഷോപ്പിംഗ് മാളുകൾക്കും പേയ് ആൻഡ് പാർക്കിംഗ് എന്ന രീതിയിൽ പണം ഈടാക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.
Story highlight : Shopping malls illegally charging parking fees.