ഷിരൂര് ഗംഗാവാലി പുഴയില് നിന്ന് കണ്ടെത്തിയ സ്കൂട്ടര് പ്രദേശത്ത് കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതാണെന്ന് ബന്ധുക്കള് സ്ഥിരീകരിച്ചു. കറുത്ത ആക്ടീവ സ്കൂട്ടറാണ് പുഴയില് നിന്ന് ലഭിച്ചത്. ചതഞ്ഞരഞ്ഞ നിലയിലുള്ള ഈ സ്കൂട്ടറിലാണ് കുട്ടികളെ പഠിക്കാന് ഉള്പ്പടെ കൊണ്ടുപോയിരുന്നതെന്ന് ബന്ധുക്കള് ഓര്‍മ്മിപ്പിച്ചു. ദുരന്തമുണ്ടായ പുഴയോരത്ത് ചായക്കട നടത്തുന്ന ലക്ഷ്മണ് നായിക്കും ഭാര്യയും രണ്ടു മക്കളും മണ്ണിടിച്ചിലില് മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള് പുഴയില് നിന്നും കണ്ടെത്തിയിരുന്നു.
അതേസമയം, ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ലെന്ന് ഈശ്വര് മാല്പേ വ്യക്തമാക്കി. അര്ജുന്റെ കുടുംബത്തിന് വാക്ക് നല്കിയിരുന്നുവെങ്കിലും മടങ്ങുകയാണെന്നും അധികൃതരോട് വഴക്ക് കൂടി നില്ക്കാന് വയ്യെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് തന്നെ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞതായും ഈശ്വര് മാല്പെ വെളിപ്പെടുത്തി. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല് മാത്രമേ വരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഈശ്വര് മാല്പെയ്ക്ക് അനുമതി നല്കാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാലാണെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര് ലക്ഷ്മിപ്രിയ വിശദീകരിച്ചു. തിരച്ചില് ദൗത്യത്തില് തീരുമാനം എടുക്കുന്നത് എസ്പി ആണെന്നും എന്ഡിആര്എഫ്, എസ്ഡിആര്എഫ് തിരച്ചിലിന്റെ ഭാഗമാകുമെന്നും ആവശ്യമെങ്കില് നേവിയുടെ സഹായം തേടുമെന്നും കളക്ടര് വ്യക്തമാക്കി. നിറകണ്ണുകളോടെയാണ് ലക്ഷ്മണിന്റെ ബന്ധുക്കള് കണ്ടെത്തിയ സ്കൂട്ടര് നോക്കി നിന്നത്.
Story Highlights: Scooter belonging to disaster victim’s family found in Gangavali river, Eshwar Malpe withdraws from search efforts