കണ്ണൂര് യൂണിവേഴ്സിറ്റിയുടെ വിവാദ സിലബസ് വിഷയത്തില് തന്റെ നിലപാട് വ്യക്തമാക്കി കോണ്ഗ്രസ് നേതാവ് ശശി തരൂര് എംപി. സവര്ക്കറിനെയും ഗോള്വാള്ക്കറിനെയും കുറിച്ച് വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ എതിര്ക്കാന് കഴിയുകയെന്നാണ് ശശി തരൂരിന്റെ വാദം.
നമ്മള്‍ യോജിച്ചാലും ഇല്ലെങ്കിലും പഠന സ്വാതന്ത്ര്യം എന്നത് വായിക്കാനും മനസ്സിലാക്കാനും സംവാദിക്കാനുമുള്ള സ്വാതന്ത്ര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മള് ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങൾ പഠിക്കുന്നതോടൊപ്പം നമ്മള് എതിര്ക്കുന്നവരുടെ പുസ്തകങ്ങളും പഠിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ശശി തരൂരിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:
‘പഠന സ്വാതന്ത്ര്യം എന്നത് വായിക്കാനും മനസ്സിലാക്കാനും സംവാദിക്കാനുമുള്ള സ്വാതന്ത്ര്യമാണ്; നമ്മൾ അതിനോട് യോജിച്ചാലും ഇല്ലെങ്കിലും, എന്ന എന്റെ നിലപാടിനോട് പല സുഹൃത്തുക്കളും വിയോജിക്കുന്നു എന്നത് മനസ്സിലാക്കുന്നു. സവർക്കറിനെയും ഗോൾവാൾക്കറിനെയും വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിർക്കാൻ കഴിയുക? കണ്ണൂർ യൂണിവേഴ്സിറ്റി നമ്മൾ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മൾ എതിർക്കുന്നവരുടെ പുസ്തകങ്ങളും നമ്മൾ പഠിക്കണം. ബൗദ്ധിക സ്വാതന്ത്ര്യം എന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായി കാണേണ്ട ഒരു സാമൂഹിക മൂല്യമാണ്. മറ്റുള്ളവരുടെ ആശയങ്ങളെക്കുറിച്ചുള്ള അജ്ഞത അവയെ പരാജയപ്പെടുത്തുന്നതിൽ നമ്മെ സഹായിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഞാൻ എന്റെ പുസ്തകങ്ങളിൽ പലവട്ടം സവർക്കറിന്റെയും ഗോൾവാൾക്കറിന്റെയും ചിന്തകളെ കുറിച്ച് എഴുതിയിട്ടുണ്ട്; അവയെ കൃത്യമായി നിഷേധിക്കുകയും വിമർശിക്കുകയും ചെയ്‌തിട്ടുണ്ട്.’
Story highlight: Shashi Tharoor responds to Kannur University syllabus.