ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താനെത്തിയ ഓൾ കേരള മെൻസ് അസോസിയേഷന്റെ ശ്രമം പൊലീസ് തടഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പാലഭിഷേകത്തിനൊപ്പം പടക്കം പൊട്ടിച്ചും ആഘോഷം സംഘടിപ്പിക്കാനായിരുന്നു അസോസിയേഷന്റെ പദ്ധതി.
പൊലീസ് ഇടപെട്ട് കട്ടൗട്ടും പാലും പിടിച്ചെടുത്തു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വർഷവും അന്വേഷണത്തെ വഴിതെറ്റിച്ചതിന് 5 വർഷവുമാണ് തടവ് ശിക്ഷ.
പൊലീസ് നടപടിയിൽ പ്രതിഷേധവുമായി ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറും ഓൾ കേരള മെൻസ് അസോസിയേഷനും രംഗത്തെത്തി. ഷാരോണിനെ അനുസ്മരിക്കാനെത്തിയ തങ്ങളെ പൊലീസ് തടഞ്ഞുവെന്ന് അവർ ആരോപിച്ചു. ഇത് പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോൺ ഇരയും ഗ്രീഷ്മ വേട്ടക്കാരനുമാണെന്ന് സമ്മതിക്കാമോ എന്നും രാഹുൽ ഈശ്വർ ചോദിച്ചു.
കട്ടൗട്ട് നീക്കം ചെയ്യാൻ പൊലീസ് കാണിച്ച ആർജ്ജവം വ്യാജ പരാതികൾക്കെതിരെ എഫ്ഐആർ എടുക്കാനും കാണിക്കണമെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. പാറശാല സ്വദേശിയായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലാണ് ഗ്രീഷ്മയെ കോടതി കുറ്റക്കാരിയായി കണ്ടെത്തിയത്. പാലഭിഷേകത്തിന് രാഹുൽ ഈശ്വർ ഉദ്ഘാടകനായിരുന്നു.
Story Highlights: Kerala Men’s Association’s attempt to perform milk abhishekam on the cutout of Judge A.M. Bashir, who sentenced Greeshma to death in the Sharon Raj murder case, was blocked by police.