കോഴിക്കോട് മുഹമ്മദ് ഷഹബാസ് കൊലക്കേസിലെ പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വെള്ളിമാട്കുന്നിലെ ഒബ്\u200cസര്\u200dവേഷന്\u200d ഹോമിലേക്കാണ് പരീക്ഷാ കേന്ദ്രം മാറ്റിയത്. യൂത്ത് കോൺഗ്രസും കെഎസ്യുവും പ്രതികളെ പരീക്ഷ എഴുതിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകിയിരുന്നു. കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് യൂത്ത് കോൺഗ്രസും കെഎസ്യുവും ആവശ്യപ്പെട്ടിരുന്നു. ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുതെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ വാദം.
റൂറൽ എസ്പി കെഇ ബൈജുവിന്റെ നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ഐപി സായൂജ് ആണ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. പ്രതികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.
താമരശ്ശേരി സ്കൂളിൽ പ്രതികൾ പരീക്ഷ എഴുതിയാൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കത്ത് അയച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് പ്രസ്താവന പുറത്തിറക്കിയത്. വെള്ളിമാട്കുന്നിലെ ഒബ്\u200cസര്\u200dവേഷന്\u200d ഹോമിലാണ് നിലവിൽ വിദ്യാർത്ഥികൾ താമസിക്കുന്നത്.
Story Highlights: The examination center for the accused in the Kozhikode Muhammad Shahbaz murder case has been changed.