തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനത്തെ സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പ്രതികരണവുമായി രംഗത്ത്. നിയമത്തിനെതിരായി ആദ്യം പ്രതികരണം നടത്തിയത് താൻതന്നെയാണ്. നിയമനം റദ്ദാക്കണമെന്ന് അറിഞ്ഞയുടൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാക്കള്‍ പേരെഴുതിക്കൊടുത്തതുകൊണ്ട് ഉണ്ടായ നിയമനമല്ല. നിയമനത്തിൽ കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് നേതൃത്വം ഇടപെട്ടിട്ടില്ല. പ്രത്യേക സെല്ലാണ് നിയമനം നടത്തിയത്. ഇതിന്റ തിരഞ്ഞെടുപ്പ് രീതികൾ അറിയില്ലെന്നും വിവാദങ്ങൾ നിയമനം റദ്ദാക്കിയതോടെ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് പങ്കുണ്ടെന്ന് പറയുന്നത് ബാലിശമാണ്. നേതാവിന്റെ മകനായതിനാൽ പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഇല്ലെന്നും ഷാഫി അഭിപ്രായപ്പെട്ടു.
അർജുൻ രാധാകൃഷ്ണൻ, ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് തുടങ്ങിയവരെ ദേശീയ നേതൃത്വം യൂത്ത് കോണ്ഗ്രസ് സംസ്ഥാന വക്താക്കളായി നിയമിച്ചതിനു പിന്നാലെയാണ് നടപടി മരവിപ്പിച്ചത്. അർജുൻ രാധാകൃഷ്ണന്റെ നിയമത്തിൽ ഉണ്ടായ എതിർപ്പിനെ തുടർന്നായിരുന്നു മരവിപ്പിക്കൽ.
Story highlight : Shafi Parambil responds to Youth Congress spokesperson selection controversy.