കായംകുളത്തെ സംഭവത്തിൽ താൻ ന്യായീകരിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. യു പ്രതിഭയോട് വിരോധമുള്ള ആരോ ആണ് കുട്ടികളെ പറ്റി വിളിച്ചു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടുകാരുമായി കൂട്ടുകൂടി വലിച്ചെന്നും വലിച്ചില്ലെന്നും പറയുന്നതിനെക്കുറിച്ചാണ് താൻ വിശദീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊച്ചുകുട്ടികൾ ആകുമ്പോൾ സ്വാഭാവികമായി അവരെ വിളിച്ചു ഉപദേശിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികളെ കസ്റ്റഡിയിലെടുത്ത് FIR രജിസ്റ്റർ ചെയ്തതായി മന്ത്രി പറഞ്ഞു. താൻ പറഞ്ഞത് ഒരു വസ്തുതയാണെന്നും, എന്നാൽ ഇന്ന് അതിനെതിരായ ക്യാമ്പയിൻ ആണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾ നിർത്തണമെന്നാണ് താൻ പറഞ്ഞതെന്നും, എന്നാൽ ചെയ്യേണ്ട രീതി ഇതല്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
യു പ്രതിഭയെ ടാർഗറ്റ് ചെയ്യുകയാണെന്നും, അവർ വേട്ടയാടപ്പെടുകയാണെന്നും മന്ത്രി ആരോപിച്ചു. മാനസികമായി അവർ വളരെ ഞെട്ടലിലാണെന്നും, മകനെ ഇങ്ങനെ സംഭവിച്ചു എന്നറിഞ്ഞാൽ ഒരു അമ്മ എന്ന നിലയിൽ അവർ കടുംകൈ ചെയ്യില്ലേയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ജാതി പറഞ്ഞെന്ന രീതിയിലാണ് അവരെ ആക്ഷേപിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനു മുമ്പ് കളമൊരുക്കാൻ വേണ്ടി ചില കേന്ദ്രങ്ങളിൽ നിന്നുള്ള കളികളാണ് ഇപ്പോൾ നടക്കുന്നതെന്നും, ലക്ഷ്യം കായംകുളത്തെ നിയമസഭാ തിരഞ്ഞെടുപ്പാണെന്നും മന്ത്രി ആരോപിച്ചു. മക്കൾ ചെയ്യുന്ന തെറ്റിന് മാതാപിതാക്കൾ എന്ത് തെറ്റ് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
ലഹരിയെ പ്രോത്സാഹിപ്പിക്കാൻ അല്ല താൻ ഉദ്ദേശിച്ചതെന്നും, മന്ത്രിയാണെന്ന നിലയിൽ തനിക്ക് മിണ്ടാൻ പാടില്ല എന്ന് പറയാൻ പാടില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി. തന്റെ പാർട്ടിയെയും സഖാക്കളെയും വേട്ടയാടിയാൽ താൻ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വലിയ തോതിൽ മയക്കുമരുന്ന് പിടിച്ചാൽ അത് വാർത്തയാക്കണമെന്നും, എന്നാൽ ഇത് ചെറിയതോതിൽ വലിച്ചു എന്ന് പറഞ്ഞാണ് കേസും വേട്ടയാടലും നടത്തുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Story Highlights: Minister Saji Cherian defends his statements on U Prathibha’s son’s case, alleging targeted campaign against her family.