നിലമ്പൂർ◼️മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂർ ചുങ്കത്തറയിലെ ഒരു കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയായിരുന്നു പച്ചയ്ക്ക് വർഗീയത വിളമ്പി കൊണ്ടുള്ള വിവാദ പരാമർശം. സമുദായ അംഗങ്ങള് സ്വതന്ത്രമായി വായു പോലും ശ്വസിക്കാൻ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നത്. മഞ്ചേരിയുള്ളത് കൊണ്ടാണ് സമുദായത്തിലുള്ള ചിലർക്കെങ്കിലും വിദ്യാഭ്യാസം നേടാനായത്.
പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാല് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഗുണഫലങ്ങള് മലപ്പുറത്തെ പിന്നോക്കക്കാർക്ക് ലഭിച്ചിട്ടുണ്ടോ? വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം ഈഴവ സമുദായത്തിലുള്ളവർ മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളത്. തമ്മില് തമ്മിലുള്ള എതിരഭിപ്രായം കൊണ്ടാണ് ഈഴവർ തഴയപ്പെടുന്നത്. മുസ്ലിം ലീഗുകാർ ആനുകൂല്യങ്ങള് തട്ടിയെടുക്കുന്നു. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര് വോട്ടുകുത്തി യന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നില്ക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില് ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് മോശമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. അദ്ദേഹത്തെ പോലൊരാൾ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ വിഷ ജന്തുക്കളുടെ അപ്പോസ്തലനാണ് വെള്ളാപ്പള്ളി നടേശണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ പറഞ്ഞു. മതവും ജാതിയും പറഞ്ഞ് മനുഷ്യമനസ്സുകളിൽ വിഷം നിറക്കുന്ന നടേശനെതിരെ നമ്മൾ മറ്റെല്ലാം മറന്ന് ഒന്നിക്കണം. വെള്ളാപ്പള്ളി ഈ വിഷം ചീറ്റൽ തുടർന്നാൽ വേണ്ട രീതിയിൽ കൈകാര്യം ചെയ്തു വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിൽ വിവിധ പാർട്ടികളും സംഘടനകളും രംഗത്തെത്തി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പിഡിപി തൃക്കാക്കര എസിപിക്ക് പരാതി നല്കി. പ്രസംഗം കൃത്യമായ വർഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകി.
Story Highlights: SNDP Yogam General Secretary Vellappally Natesan’s controversial remarks about Malappuram district have sparked a political row in Kerala.