ബെല്ലാരി (കര്ണാടക)◾: ശബരിമല സ്വര്ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി സ്വര്ണ്ണം വിറ്റതായി കണ്ടെത്തല്. ഇതുമായി ബന്ധപ്പെട്ട് കൂടുതല് അന്വേഷണങ്ങള് നടക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്ഐടി സംഘം ഇന്ന് ബംഗളൂരുവിലേക്ക് തിരിച്ചു. കര്ണാടകയിലെ ബെല്ലാരിയില്വെച്ച് പോറ്റി സ്വര്ണ്ണം വിറ്റെന്നാണ് വിവരം.
ശബരിമലയിലെ ദ്വാരപാലക പാളികളില് നിന്ന് വേര്തിരിച്ച സ്വര്ണ്ണം ഉണ്ണികൃഷ്ണന് പോറ്റി വിറ്റുവെന്ന നിര്ണ്ണായകമായ കണ്ടെത്തല് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. 2025-ലെ സ്വര്ണ്ണപ്പാളി കൈമാറ്റത്തില് വീഴ്ചയുണ്ടായെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അതേസമയം, വിവാദങ്ങള്ക്കിടെ ഇന്ന് ദേവസ്വം ബോര്ഡ് യോഗം ചേര്ന്നു.
ബെല്ലാരിയിലെ സ്വര്ണ്ണ വ്യാപാരി ഗോവര്ദ്ധനാണ് ഉണ്ണികൃഷ്ണന് പോറ്റിയില് നിന്നും 476 ഗ്രാം സ്വര്ണ്ണം വിപണി വിലയ്ക്ക് വാങ്ങിയത്. 2012-13 കാലഘട്ടത്തില് ബംഗളൂരുവിലെ ശ്രീറാംപുരം അയ്യപ്പക്ഷേത്രത്തില് വെച്ചാണ് പോറ്റിയുമായി പരിചയപ്പെടുന്നതെന്ന് ഗോവര്ദ്ധന് എസ്.ഐ.ടിയോട് പറഞ്ഞു. പോറ്റി തനിക്ക് സ്വര്ണ്ണം വിറ്റെന്ന് ഗോവര്ദ്ധന് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കിയിട്ടുണ്ട്. ശബരിമലയിലെ പൂജാരിയാണെന്ന് പറഞ്ഞാണ് പോറ്റി സ്വയം പരിചയപ്പെടുത്തിയത്.
സ്വര്ണ്ണം വേര്തിരിച്ചപ്പോള് ബാക്കി വന്ന ഈ സ്വര്ണ്ണം പോറ്റിക്ക് നല്കിയത് സ്മാര്ട്ട് ക്രിയേഷന്സാണ്. ഗോവര്ദ്ധന് ഈക്കാര്യം എസ്.ഐ.ടിയോട് സമ്മതിച്ചിട്ടുണ്ട്. തന്നില് നിന്ന് സ്പോണ്സര്ഷിപ്പിന്റെ പേരില് പലപ്പോഴായി പോറ്റി സ്വര്ണ്ണം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഇതിനിടെ പോറ്റിയുമായി തെളിവെടുപ്പിന് എസ്.ഐ.ടി ബംഗളൂരുവിലേക്ക് തിരിച്ചു. ഉണ്ണികൃഷ്ണന് പോറ്റിയെ തിരിച്ചെത്തിച്ച ശേഷം മുരാരി ബാബുവിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്കും. ബെല്ലാരിയിലെത്തി വിറ്റ സ്വര്ണ്ണം വീണ്ടെടുക്കാനും അന്വേഷണ സംഘം ശ്രമം നടത്തും. ഒപ്പം ചെന്നൈ അമ്പത്തൂരിലുള്ള സ്മാര്ട്ട് ക്രിയേഷന്സിലെത്തിയും തെളിവെടുപ്പ് നടത്തും.
Story Highlights : Unnikrishnan Potty sold Sabarimala gold
Story Highlights: Unnikrishnan Potty, the main accused in the Sabarimala gold robbery case, has been found to have sold the gold.



















