പത്തനംതിട്ട◾: ശബരിമല സ്വർണപ്പാളി കേസിൽ മുരാരി ബാബുവിനെ റിമാൻഡ് ചെയ്ത റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ പുറത്ത് വന്നു. സ്വർണ്ണപ്പാളികൾ ചെമ്പെന്ന് മനഃപൂർവം രേഖപ്പെടുത്തിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 1998-ൽ തന്നെ പാളികൾക്ക് സ്വർണം പൂശിയതായി മുരാരി ബാബുവിന് അറിയാമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട തട്ടിപ്പിൽ മുരാരി ബാബുവിൻ്റെ പങ്ക് വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. ബോധപൂർവം തട്ടിപ്പിന് കൂട്ടുനിന്നുവെന്നും, ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയിൽ ഇയാൾക്ക് പങ്കുണ്ടെന്നും SIT കോടതിയിൽ അറിയിച്ചു. ഇത് ക്ഷേത്രവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മുരാരി ബാബു നടത്തിയ ഗൂഢാലോചനകൾ റിമാൻഡ് റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മുരാരി ബാബുവിനെ റിമാൻഡ് ചെയ്തത്. കസ്റ്റഡി അപേക്ഷ പിന്നീട് കോടതിയിൽ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല. രണ്ട് ആഴ്ചത്തേക്കാണ് റിമാൻഡ് കാലാവധി. ഇന്നലെ രാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്.
അർധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. അതിനു ശേഷം രാവിലെ ഒൻപത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വർണ്ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലും സ്വർണപ്പാളിയിലും മാത്രം ഒതുക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്നാണ് മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Story Highlights : Murari Babu remand report in Sabarimala Swarnapali theft case
Story Highlights: ശബരിമല സ്വർണപ്പാളി കേസിൽ സ്വർണ്ണപ്പാളികൾ ചെമ്പെന്ന് മനഃപൂർവം രേഖപ്പെടുത്തിയത് തട്ടിപ്പിന് വേണ്ടിയാണെന്ന് റിമാൻഡ് റിപ്പോർട്ട്.