മാസങ്ങൾ നീണ്ട ബുള്ളറ്റ് പ്രേമികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് പുതിയ ക്ലാസിക് 350 ബൈക്ക് ഇന്ത്യയിൽ. റെഡ്ഡിച്ച്, ഹാൽസിയോൺ, സിഗ്നൽ, ഡാർക്ക്, ക്രോം തുടങ്ങിയ 5 വേരിയന്റുകളിലെത്തുന്ന ക്ലാസിക്ക് 350 യുടെ ഇന്ത്യയിലെ എക്സ്ഷോറും വില 1.84 ലക്ഷം രൂപ മുതൽ 2.51 ലക്ഷം രൂപ വരെയാണ്. ഡിസൈൻ, ഫീച്ചർ, എൻജിൻ, പ്ലാറ്റ്ഫോം എന്നിവയിൽ അടിമുടി മാറ്റങ്ങളുമായാണ് പുതിയ ക്ലാസിക് 350 ഇന്ത്യയിൽ അവതരിച്ചിരിക്കുന്നത്.
ക്രോമിയം ബെസൽ നൽകിയുള്ള റൗണ്ട് ഹെഡ്ലാമ്പ്, ക്രോം ആവരണം നൽകിയിട്ടുള്ള എക്സ്ഹോസ്റ്റ്,ടിയർഡ്രോപ്പ് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള പെട്രോൾ ടാങ്ക്,വൃത്താകൃതിയിലുള്ള ഇന്റിക്കേറ്റർ, റൗണ്ട് റിയർവ്യൂ മിറർ, മുന്നിലും പിന്നിലുമുള്ള ഫെൻഡറുകൾ മുതലായവയാണ് ഡിസൈനിങ്ങിൽ ക്ലാസിക് 350 യെ സ്റ്റൈലിഷാക്കുന്നത്.
യു.എസ്.ബി. ചാർജിങ്ങ് ഓപ്ഷൻ, പൊസിഷൻ മാറ്റിയ ഗ്രാബ് റെയിൽ,പുതിയ ബാക്ക് സീറ്റ്, മികച്ച റൈഡിങ്ങ് പൊസിഷൻ ഉറപ്പാക്കുന്നതിനായുള്ള പുതിയ ഹാൻഡിൽ, ഡിജിറ്റൽ ഫ്യുവൽ ഗേജ് കൊടുത്തിട്ടുള്ള പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ,പുതിയ ഗ്രാഫിക്സുകൾ, ഗൂഗിളുമൊത്ത് റോയൽ എൻഫീൽഡ് വികസിപ്പിച്ചെടുത്ത ട്രിപ്പർ നാവിഗേഷൻ എന്നിവയാണ് ഈ ബൈക്കിന്റെ സവിശേഷതകൾ. പുതിയ ക്ലാസിക്ക്, മീറ്റിയോർ 350-യുമായി എൻജിനും ഗിയർബോക്സും പങ്കിട്ടാണ് വിപണിയിൽ എത്തിച്ചതെന്നും കമ്പനി അറിയിച്ചു.
349 സി.സി. സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ടഡ് എയർ കൂൾഡ് എൻജിനാണ് പുതിയ ക്ലാസിക്കിന്റെ ഹൃദയം. ഇത് 20.2 ബി.എച്ച്.പി. പവറും 27 എൻ.എം. ടോർക്കും ഉൽപാദിപ്പിക്കുന്നു. ഇതിലെ ഗിയർബോക്സ് അഞ്ച് സ്പീഡാണ്.മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിന്റെത്. 300 എം.എം., 270 എം.എം. ഡിസ്ക് ബ്രേക്കിന് ഒപ്പം ഡ്യുവൽ ചാനൽ എ.ബി.എസും പുതിയ ക്ലാസിക്കിന് സുരക്ഷയൊരുക്കുന്നു.
Story highlight : Royal Enfield Classic 350 with New Generation Model.