ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് രാജിവച്ചു. ഭാര്യ അക്ഷത മൂർത്തിയോടൊപ്പം ബക്കിങ്ഹാം പാലസിലെത്തിയ സുനക്, ചാൾസ് മൂന്നാമൻ രാജാവിന് രാജിക്കത്ത് സമർപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടണിൽ അധികാരക്കൈമാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചു.
650 സീറ്റുകളിൽ 370 സീറ്റുകൾ നേടി ലേബർ പാർട്ടി വൻ വിജയം കൈവരിച്ചു. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ലേബർ പാർട്ടി അധികാരത്തിലേറുന്നത്. ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളും, സ്കോട്ടിഷ് നാഷണൽ പാർട്ടിയും സിൻ ഫെയിനും 6 സീറ്റുകൾ വീതവും നേടി.
തെരഞ്ഞെടുപ്പിൽ വിജയിച്ച ലേബർ പാർട്ടിയുടെ കീർ സ്റ്റാർമറിനെ രാജാവ് ഉടൻ തന്നെ വിളിക്കും. ബ്രിട്ടണിലെ പതിവുരീതിയനുസരിച്ച് രാജാവിനെ വണങ്ങി കീർ സ്റ്റാർമർ അധികാരമേൽക്കും. ഈ ചടങ്ങുകൾക്കുശേഷം ഋഷി സുനക് ഔദ്യോഗിക വസതി ഒഴിയും. 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.