റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ വൻ വർധനയുണ്ടായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്പനിയുടെ വരുമാനം 11.5% വർധിച്ച് 2.58 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2.08 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. എന്നാൽ, കമ്പനിയുടെ ലാഭം 5.5% കുറഞ്ഞ് 15138 കോടി രൂപയിലെത്തി.
ജിയോ പ്ലാറ്റ്ഫോമുകളിൽ നിന്ന് വലിയ വരുമാന വർധനവാണ് കമ്പനിക്ക് ഉണ്ടായത്. മൂന്ന് മാസം കൊണ്ട് 14638 കോടി രൂപയാണ് ലഭിച്ചത്. സബ്സ്ക്രൈബർമാരുടെ എണ്ണം 489.7 ദശലക്ഷത്തിലേക്ക് ഉയർന്നു, 80 ലക്ഷം പുതിയ ഉപയോക്താക്കൾ ചേർന്നു. 5ജി ഉപയോക്താക്കളുടെ എണ്ണം 13 കോടിയായി വർധിച്ചു. ഇന്ധന വിപണിയിൽ നിന്ന് 5210 കോടിയുടെയും റീടെയ്ൽ ബിസിനസിൽ നിന്ന് 5664 കോടി രൂപയുടെയും വരുമാനം ലഭിച്ചു.
ഓയിൽ ആൻഡ് ഗ്യാസ് വിപണിയിൽ നിന്നുള്ള വരുമാനം നികുതി കിഴിവിന് ശേഷം 30% ഉയർന്നു. ജിയോ പ്ലാറ്റ്ഫോമിൽ നിന്നുള്ള പ്രവർത്തന ലാഭം 11.6% വും റിലയൻസ് റീടെയ്ൽ ലിമിറ്റഡിൽ നിന്നുള്ള പ്രവർത്തന ലാഭം 10.5% വും വർധിച്ചു. ഓഹരി വിപണി അവസാനിച്ചപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 310 രൂപയിൽ ക്ലോസ് ചെയ്തു, വരും ദിവസങ്ങളിൽ കൂടുതൽ വർധനയ്ക്കുള്ള സാധ്യത തെളിയുന്നു.