യുപിഐ സംവിധാനത്തിന്റെ വിപുലീകരിച്ച പതിപ്പായ യുപിഐ ലൈറ്റ്, കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കായി രൂപകൽപ്പന ചെയ്തതാണ്. 2022 സെപ്തംബറിൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആർബിഐയും ചേർന്നാണ് ഇത് അവതരിപ്പിച്ചത്. ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളിൽ ഇടപാടുകൾ നടത്തുക എന്നതാണ് യുപിഐ ലൈറ്റ് വാലറ്റുകളുടെ പ്രധാന ലക്ഷ്യം.
അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി. ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളിൽ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നടപടി. ഇൻറർനെറ്റോ, മറ്റു കണക്ടിവിറ്റി സംവിധാനങ്ങളോ ഇല്ലാതെ തന്നെ 500 രൂപ വരെയുളള ഇടപാടുകൾ യുപിഐ ലൈറ്റ് വഴി നടത്താവുന്നതാണ്. എന്നാൽ ഒരു ദിവസം നടത്താവുന്ന മൊത്തം തുകയുടെ പരിധി 2000 രൂപയാണ്.
യുപിഐ ലൈറ്റ് ഉപയോഗിക്കുന്നതിന്, ആദ്യം ബാങ്കിൽ നിന്നും ആപ്പിലെ വാലറ്റിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണം. ഉപഭോക്താവിന് യുപിഐ ലൈറ്റ് അക്കൗണ്ടിൽ പരമാവധി 2000 രൂപ വരെ സൂക്ഷിക്കാൻ സാധിക്കും. തുടർന്ന് വാലറ്റിലുള്ള പണം ഉപയോഗിച്ച് യുപിഐ ലൈറ്റ് വഴി പേയ്മെന്റുകൾ നടത്താം. ഈ സംവിധാനം വഴി, കണക്ടിവിറ്റി പ്രശ്നങ്ങൾ ഉള്ള പ്രദേശങ്ങളിലും എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ സാധിക്കും.
Story Highlights: RBI increases UPI Lite transaction limit to Rs 500 to promote digital payments in low connectivity areas