എൻഐഎ രാമേശ്വരം കഫേ സ്ഫോടന കേസിൽ നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മുസ്സവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ അഹ്മദ് താഹ, മാസ് മുനീർ അഹ്മദ്, മുസ്സമിൽ ഷരീഫ് എന്നിവരാണ് പ്രതികൾ. ഇതിൽ രണ്ട് പേർക്ക് ഐഎസ് ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. താഹയും ഷാസിബും വ്യാജ രേഖകൾ ചമച്ചിരുന്നതായും കണ്ടെത്തി.
അയോധ്യ പ്രാൺ പ്രതിഷ്ഠ ദിനത്തിൽ ബെംഗളൂരുവിലെ ബിജെപി ഓഫീസ്, മല്ലേശ്വരം എന്നിവിടങ്ങളിൽ ബോംബ് ആക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും എൻഐഎ അറിയിച്ചു. മുസമ്മിൽ ശരീഫാണ് സ്ഫോടനത്തിന്റെ ആസൂത്രകനെന്ന് എൻഐഎ മുൻപ് തന്നെ കണ്ടെത്തിയിരുന്നു.
ഈ വർഷം മാർച്ച് ഒന്നിനാണ് വൈറ്റ്ഫീൽഡ് ഏരിയയിലെ രാമേശ്വം കഫേയിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റിരുന്നു. മാർച്ച് മൂന്നിന് കർണാടക പൊലീസിൽ നിന്നും എൻഐഎ കേസിന്റെ അന്വേഷണം ഏറ്റെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി എൻഐഎ വ്യക്തമാക്കി.
Story Highlights: NIA files chargesheet against four accused in Rameshwaram Cafe blast case, two with ISIS links