മുംബൈ ഇന്ത്യന്സിനോട് 106 റണ്സിന്റെ കനത്ത തോല്വി ഏറ്റുവാങ്ങി രാജസ്ഥാന് റോയല്സ് ഐപിഎല്ലില് നിന്ന് പുറത്തായി. 16.1 ഓവറില് 117 റണ്സിന് രാജസ്ഥാന് റോയല്സ് ഓള്ഔട്ടായി. മുംബൈ ഉയര്ത്തിയ 218 റണ്സ് എന്ന കൂറ്റന് വിജയലക്ഷ്യം പിന്തുടര്ന്ന രാജസ്ഥാന് ലക്ഷ്യത്തിലെത്താന് പാടുപെടുകയായിരുന്നു. മുംബൈയുടെ റയാന് റിക്കല്ട്ടണാണ് കളിയിലെ താരം.
മുംബൈയ്ക്ക് വേണ്ടി ഓപ്പണര്മാരായ രോഹിത് ശര്മയും റയാന് റിക്കല്ട്ടണും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും ചേര്ന്ന് ഓപ്പണിങ് കൂട്ടുകെട്ടില് 116 റണ്സ് നേടി. 38 ബോളില് 61 റണ്സെടുത്ത റിക്കല്ട്ടണും 36 ബോളില് 53 റണ്സെടുത്ത രോഹിത് ശര്മയും മുംബൈയ്ക്ക് മികച്ച തുടക്കം നല്കി. തുടര്ന്ന് ക്രീസിലെത്തിയ സൂര്യകുമാര് യാദവും ഹാര്ദിക് പാണ്ഡ്യയും 23 ബോളില് 48 വീതം റണ്സ് നേടി.
കഴിഞ്ഞ മത്സരത്തില് ബാറ്റിങ് താരമായി തിളങ്ങിയ വൈഭവ് സൂര്യവംശി ഇന്ന് നിരാശപ്പെടുത്തി. രണ്ട് ബോള് മാത്രം നേരിട്ട സൂര്യവംശി ദീപക് ചഹറിന് വിക്കറ്റ് നല്കി മടങ്ങി. 30 റണ്സെടുത്ത ജോഫ്ര ആര്ച്ചറാണ് രാജസ്ഥാന്റെ ടോപ് സ്കോറര്. ആര്ച്ചര് അടക്കം അഞ്ച് പേര് മാത്രമാണ് രണ്ടക്കം കടന്നത്.
മൂന്ന് വീതം വിക്കറ്റുകള് വീഴ്ത്തിയ ട്രെന്റ് ബോള്ട്ടും കരണ് ശര്മയുമാണ് രാജസ്ഥാന്റെ തകര്ച്ചയ്ക്ക് കാരണമായത്. ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റുകള് നേടി. ചെന്നൈ സൂപ്പര് കിങ്സിന് ശേഷം ടൂര്ണമെന്റില് നിന്ന് പുറത്താകുന്ന രണ്ടാമത്തെ ടീമാണ് രാജസ്ഥാന് റോയല്സ്. പോയിന്റ് പട്ടികയില് മുംബൈ ഒന്നാം സ്ഥാനത്താണ്.
Story Highlights: Mumbai Indians defeated Rajasthan Royals by 106 runs, knocking them out of the IPL.