പുതിയ സീസണിൽ സഞ്ജു സാംസൺ മുംബൈ ഇന്ത്യൻസിലേക്ക് എത്താൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഏറെ നാളായി സഞ്ജു പുതിയ ടീമിന്റെ ഭാഗമാകുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ, അദ്ദേഹം മുംബൈയിലേക്കാണോ ചേക്കേറുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ എം.എസ് ധോണിയുടെ അഭാവത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ശക്തി പകരാൻ സഞ്ജു എത്തുമെന്നായിരുന്നു വാർത്തകൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Read Also: തൃശൂര് ടൈറ്റന്സിനെ 10 വിക്കറ്റിന് തകര്ത്തു; ഏരീസ് കൊല്ലം കെ സി എൽ ഫൈനലില്
വർഷങ്ങളായി മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പറായിരുന്നത് ഇഷാൻ കിഷനായിരുന്നു. എന്നാൽ, കഴിഞ്ഞ സീസണിൽ അദ്ദേഹം ടീം വിട്ടു. ഇതോടെ മികച്ച ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ അഭാവം മുംബൈയിൽ നിഴലിക്കുന്നുണ്ട്. ഇഷാന് പകരം ദക്ഷിണാഫ്രിക്കയുടെ റയാൻ റിക്കൽറ്റൺ ടീമിലെത്തിയിരുന്നു.
രോഹിത് ശർമ്മയ്ക്കൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങാനുള്ള സാധ്യതകളുണ്ട്. സഞ്ജുവിനെ മുംബൈ നോട്ടമിടാൻ ഇതാണ് പ്രധാന കാരണം. അതേസമയം, സഞ്ജു മുംബൈയിൽ എത്തുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഐപിഎൽ ട്രേഡിങ് വിൻഡോ, മിനി ലേലം തുടങ്ങിയ മാർഗങ്ങളിലൂടെ സഞ്ജുവിനെ ഏത് ടീമിനും സ്വന്തമാക്കാൻ സാധിക്കും. അതിനാൽ ഏതൊക്കെ ടീമുകളാണ് സഞ്ജുവിനെ ലക്ഷ്യമിടുന്നത് എന്നത് കാത്തിരുന്ന് കാണേണ്ടിവരും. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
Story Highlights: Reports suggest Sanju Samson may join Mumbai Indians in the upcoming IPL season, potentially filling their need for a strong wicket-keeper batsman.