ഖത്തറിലെ ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ട്രോണിക് ക്രൈംസ് വിഭാഗത്തിന്റെ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് വിഭാഗം ഉദ്യോഗസ്ഥൻ ഒരു പ്രധാന വെളിപ്പെടുത്തൽ നടത്തി. ഖത്തറിൽ നടക്കുന്ന ഭൂരിപക്ഷം ഇലക്ട്രോണിക് തട്ടിപ്പ് കോളുകളും യഥാർത്ഥത്തിൽ ഇന്റർനെറ്റ് കോളുകളാണെന്നാണ് അദ്ദേഹം അറിയിച്ചത്. ഐ.ബി കാൾ എന്ന ഇൻറർനെറ്റ് സംവിധാനം ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകൾക്കായി വല വിരിക്കുന്നത്. ഇത് ഖത്തറിലെ തന്നെ ലോക്കൽ ഫോണിൽ നിന്നുള്ള കോളാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.
ഫസ്റ്റ് ലെഫ്റ്റനൻ്റ് സൗദ് ഖാലിദ് ജാസിം അൽ ഷർഖി നൽകിയ അഭിമുഖത്തിൽ, സാധാരണ ഖത്തർ നമ്പർ കാണിക്കുന്നതിനാൽ തട്ടിപ്പിനിരയാകാൻ സാധ്യത കൂടുതലാണെന്നും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകി. ഇൻറർനെറ്റും സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളും ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് നിർദേശിച്ചു. തട്ടിപ്പുകാർ ഇരകളെ കുടുക്കാനും അവരുടെ പണവും അക്കൗണ്ടുകളും പിടിച്ചെടുക്കാനും ലക്ഷ്യമിടുന്ന പല ലിങ്കുകളും ഉപയോഗിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സാമ്പത്തിക തട്ടിപ്പിന് വിധേയനാകുകയും ഒടിപി ലഭിക്കുകയും ചെയ്താൽ, ഉടൻ തന്നെ ബാങ്കിൻ്റെ ഹോട്ട്ലൈനുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതുവഴി പണം ട്രാൻസ്ഫർ തടയാൻ ബാങ്കിന് സാധിക്കും. എന്നാൽ, പണം രാജ്യത്തിന് പുറത്തുപോയാൽ വീണ്ടെടുക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണെന്നും, ഇതിന് സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി അന്താരാഷ്ട്ര ചാനലുകളിലൂടെ കടന്നുപോകുന്നതിനാൽ ഇത്തരം തട്ടിപ്പുകൾ തടയുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Qatar ministry warns of internet-based fraud calls masquerading as local numbers