◾ഖത്തറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അറബ്-ഇസ്ലാമിക് ഉച്ചകോടി സമാപിച്ചു. ഉച്ചകോടിയിൽ ഇസ്രായേലിനെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ നേതാക്കൾ ആഹ്വാനം ചെയ്തു. മധ്യസ്ഥ രാജ്യത്തെ ആക്രമിക്കുന്നത് സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നതിന് തുല്യമാണെന്ന് നേതാക്കളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
അറബ്-ഇസ്ലാമിക് ഉച്ചകോടി പാസാക്കിയ പ്രമേയം ഇസ്രായേൽ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങൾ എണ്ണിപ്പറയുന്നതും അതിൽ നടപടി ആവശ്യപ്പെടുന്നതുമാണ്. പലസ്തീൻ പ്രശ്നം മറച്ചുപിടിച്ചോ അവരുടെ അവകാശങ്ങൾ അവഗണിച്ചോ പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാകില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ശാശ്വതമായ പോംവഴിയെന്നും പ്രമേയത്തിൽ പറയുന്നു.
ജിസിസി കൗൺസിൽ പ്രതിരോധ കൗൺസിൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രതിരോധ രംഗത്ത് ഉൾപ്പെടെ ഒന്നിച്ച് നിന്ന് ചെറുക്കാൻ ജിസിസി കൂട്ടായ്മ തീരുമാനിച്ചു. അറബ്-ഇസ്ലാമിക് ലോകത്തെ ഒരാളെ ആക്രമിച്ചാൽ അത് കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കാൻ നിർദ്ദേശമുയർന്നു.
ഇറാൻ പ്രസിഡന്റ് ഉച്ചകോടിക്ക് നേരിട്ടെത്തിയത് ശ്രദ്ധേയമായ കാര്യമാണ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇറാൻ, സിറിയ പ്രസിഡന്റുമാരെ പ്രത്യേകം കണ്ടു. ഇത് അബ്രഹാം കരാറിനെ ഉൾപ്പെടെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഉച്ചകോടിക്ക് ശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഖത്തറിലെത്തും. ഇസ്രായേൽ സന്ദർശനത്തിന് ശേഷമാണ് മാർക്കോ റൂബിയോ ഖത്തറിലെത്തുന്നത്. ഖത്തറിന് പിന്തുണ അറിയിച്ചേക്കുമെന്നാണ് കരുതുന്നത്.
ഇസ്രായേലുമായുള്ള സാമ്പത്തിക-നയതന്ത്ര ബന്ധങ്ങളിൽ അംഗരാഷ്ട്രങ്ങൾ പുനരാലോചന നടത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മാർക്കോ റൂബിയോ ഖത്തർ നേതാക്കളുടെ മുന്നിൽ വെച്ച് എടുക്കുന്ന പരസ്യ നിലപാട് എന്താകുമെന്നതും ശ്രദ്ധേയമാണ്. ഇസ്രായേലിനെ ഒന്നിച്ച് നേരിടാൻ ഉച്ചകോടി ആഹ്വാനം ചെയ്തു.
Story Highlights: ‘ഇസ്രായേലിനെതിരെ ഒന്നിച്ച് നീങ്ങാം’: അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ആഹ്വാനം