കൊച്ചിയിലെ നടി ആക്രമണ കേസിലെ പ്രധാന പ്രതിയായ പൾസർ സുനി ഇന്ന് ജയിൽ മോചിതനാകുമെന്ന് റിപ്പോർട്ട്. ഏഴര വർഷത്തെ തടവിന് ശേഷമാണ് സുനി ജയിൽ വിടുന്നത്. സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിർദേശം.
കേസിലെ വിചാരണ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ 87 ദിവസത്തോളം വിസ്താരം നടത്തിയത് എന്തുകൊണ്ടാണെന്നും ഇത് എങ്ങനെ വിചാരണ കോടതി അനുവദിച്ചുവെന്നും സുപ്രീം കോടതി ചോദിച്ചു. കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും കോടതി പറഞ്ഞു.
സംസ്ഥാന സർക്കാർ പൾസർ സുനിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനാണ് കോടതി നിർദേശിച്ചത്. കടുത്ത ജാമ്യവ്യവസ്ഥ വേണമെന്ന ആവശ്യം സംസ്ഥാന സർക്കാരിന് വിചാരണക്കോടതിക്ക് മുമ്പിൽ ഉന്നയിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. നിലവിൽ എറണാകുളം സബ് ജയിലിലാണ് പൾസർ സുനി ഉള്ളത്.
Story Highlights: Pulsar Suni, main accused in Kerala actress assault case, to be released from jail after 7.5 years