അപൂർവ്വമായ പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ ഇന്ത്യയിൽ കണ്ടെത്തി.
രാജസ്ഥാനിലെ ആരവല്ലി മലനിരകളിലെ രണക്പൂർ വന മേഖലയിൽ നിന്നുമാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്.
അഞ്ചോ ആറോ വയസ് പ്രായം വരുന്ന പുള്ളിപ്പുലിയാണെന്നാണ് വിവരം.
രണക്പൂരിലെയും കുംഭൽഗഡിലേയും പ്രദേശവാസികൾ മുൻപും പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടതായി പറഞ്ഞിരുന്നുവെങ്കിലും ആരും ഗൗരവമായെടുത്തിരുന്നില്ല.
എന്നാൽ വീണ്ടും മലനിരകളിൽ പിങ്ക് പുള്ളിപ്പുലിയെ ശ്രദ്ധയിൽ പെട്ടെന്ന് ഗ്രാമവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ ഫോട്ടോഗ്രാഫറും വന്യജീവി സംരക്ഷണ പ്രവർത്തകനുമായ ഹിതേഷ് മോട്വാനി അപൂർവ്വ പുള്ളിപ്പുലിയെ തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു.
ശരീരത്തിൽ ചുവന്ന പിഗ്മെന്റിന്റെ അമിത ഉൽപ്പാദനം, മെലാനിന്റെ കുറവ് എന്നിവ മൂലമാണ് പുള്ളിപ്പുലിയുടെ രോമങ്ങളടക്കം ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത്.
മുൻപ് 2012 ലും 2019 ലും ദക്ഷിണാഫ്രിക്കയിൽ പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടെത്തിയിരുന്നു.
Story highlight : Pink leopard found in India.