മതവിദ്വേഷ പരാമർശ കേസിൽ പി.സി. ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ജയിലിലേക്ക് മാറ്റി. ജനുവരി 5-ന് നടന്ന ചാനൽ ചർച്ചയിലാണ് പി.സി. ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുസ്ലിംകൾക്കെതിരെയായിരുന്നു വിദ്വേഷ പരാമർശം. ഈ കേസിൽ ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.
പി.സി. ജോർജിനെ കോടതി ആറുമണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ശേഷം വൈദ്യപരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച കീഴടങ്ങാമെന്ന് കാണിച്ച് പി.സി. ജോർജ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പൊലീസിന് കത്ത് നൽകിയിരുന്നു.
കേസിൽ ഇന്ന് രാവിലെയാണ് പി.സി. ജോർജ് കോടതിയിൽ കീഴടങ്ങിയത്. കീഴടങ്ങൽ അല്ലാതെ മറ്റു മാർഗങ്ങളില്ല എന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് കോടതിയിൽ നേരിട്ട് എത്തിയത്. ബിജെപി നേതാക്കൾക്കൊപ്പമാണ് പി.സി. ജോർജ് കീഴടങ്ങാൻ എത്തിയത്.
പി.സി. ജോർജിനെ വീട്ടിൽ എത്തിച്ച ശേഷം അവിടെ നിന്നും പ്രകടനമായി സ്റ്റേഷനിലേക്ക് പോകാനായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാൽ പ്രകടനത്തിന് പൊലീസ് അനുമതി നൽകിയില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ ഈരാറ്റുപേട്ടയിൽ വിന്യസിച്ചിരുന്നു.
Story Highlights: P.C. George was remanded for 14 days after surrendering in court for hate speech against Muslims.