പത്തനംതിട്ട ജില്ലയിലെ കൊടുമൺ ഇടത്തിട്ടയിൽ ഇന്നലെ രാത്രി എട്ടരയോടെ ഒരു സംഘം യുവാക്കൾ മദ്യലഹരിയിൽ റോഡിൽ അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഒരാളുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തുമടങ്ങിയ സുഹൃത്തുക്കളാണ് ഈ സംഭവത്തിന് പിന്നിൽ.
ഗതാഗതം തടസ്സപ്പെടുത്തുകയും വീടുകൾക്കുനേരെ കല്ലെറിയുകയും ചെയ്ത ഇവർ, സ്ഥലത്തെത്തിയ പോലീസിനെ അസഭ്യവർഷം ചൊരിയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 6 യുവാക്കളെ കൊടുമൺ പോലീസ് പിടികൂടി. ബി അർജുൻ (25), ഷമീൻ ലാൽ (27), ആനന്ദ് (25), അരുൺ (29), ബിപിൻ കുമാർ (30), അബിൻ (21) എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ കണ്ടാലറിയാവുന്ന 4 പേർക്കായി അന്വേഷണം തുടരുകയാണ്.
കൊടുമൺ പോലീസ് സ്റ്റേഷനിൽ പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അതുൽ പ്രകാശ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തശേഷമാണ് സുഹൃത്തുക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ഇടത്തിട്ട കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ഏഴംകുളം കൈപ്പട്ടൂർ റോഡിൽ ആയുധങ്ങളുമായി ഗതാഗതം തടയുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു.
പോലീസ് ഇൻസ്പെക്ടർ പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോൾ പ്രതികൾ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും തള്ളിമാറ്റി രക്ഷപ്പെടാൻ നോക്കുകയും ചെയ്തു. എന്നാൽ പോലീസ് പിന്തുടർന്ന് ശ്രമകരമായി ഇവരെ പിടികൂടി. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് രാത്രി 8.50 ന് അറസ്റ്റ് രേഖപ്പെടുത്തി.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം അടൂർ ഡി വൈ എസ് പി ജി സന്തോഷിന്റെ നേതൃത്വത്തിലാണ് പോലീസ് നടപടികൾ കൈക്കൊണ്ടത്. പ്രതികളിൽ പലരും മുൻപ് വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: Six youths arrested for creating terror in Pathanamthitta after attending funeral of criminal, attacking police