പത്തനംതിട്ടയിലെ വിദ്യാർത്ഥിനിയുടെ തുടർച്ചയായ ലൈംഗിക പീഡനക്കേസിൽ ഇതുവരെ 43 പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മൊത്തം 29 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ട, ഇലവുംതിട്ട, പന്തളം, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകൾക്ക് പുറമെ തിരുവനന്തപുരം കല്ലമ്പലം പോലീസിനും കേസ് കൈമാറിയിട്ടുണ്ട്. പെൺകുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരം നൽകണമെന്ന പോലീസ് റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.
പത്തനംതിട്ടയിൽ 11 കേസുകളിലായി 26 പ്രതികളെയും, ഇലവുംതിട്ടയിൽ 16 കേസുകളിലായി 15 പേരെയും അറസ്റ്റ് ചെയ്തു. പന്തളം പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനിരയായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ബാലവകാശ കമ്മീഷൻ അംഗം എൻ. സുനന്ദ പെൺകുട്ടിയെ സന്ദർശിച്ചു.
പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പത്തനംതിട്ട പോലീസ് എടുത്ത കേസ് കല്ലമ്പലം പോലീസിന് കൈമാറി. കായംകുളം സ്വദേശിയാണ് പ്രതി. മൊത്തം 58 പ്രതികളിൽ 15 പേരെ കൂടി പിടികൂടാനുണ്ട്. ഇതിൽ ചില പ്രതികൾ വിദേശത്താണെന്നും പോലീസ് അറിയിച്ചു.
പീഡന കേസുകളിൽ ശാസ്ത്രീയ തെളിവുകളടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകൾ പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. പട്ടികജാതി ജില്ലാ വികസന ഓഫീസർക്കെതിരെ നടപടി സ്വീകരിക്കാൻ കളക്ടർ നിർദ്ദേശിച്ചതായാണ് സൂചന.
Story Highlights: 43 arrested in Pathanamthitta student sexual abuse case, 29 cases registered so far.