**പത്തനംതിട്ട◾:** കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ നൗഫലിന് ജീവപര്യന്തം തടവും ഒരു ലക്ഷത്തി എണ്ണായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറു വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. 2020 സെപ്റ്റംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. കായംകുളം സ്വദേശിയായ നൗഫൽ കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു. രോഗബാധിതയായ യുവതിയെ കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകേണ്ടതിന് പകരം ആറന്മുളയിലെ ആളൊഴിഞ്ഞ മൈതാനത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
പത്തനംതിട്ട നഗരത്തിൽ നിന്ന് കോഴഞ്ചേരിയിലെ കൊവിഡ് കെയർ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം. ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കാനായിരുന്നു നിർദേശം. ഈ നിർദേശപ്രകാരം ഒരു യുവതിയെ ആശുപത്രിയിൽ ഇറക്കി.
തുടർന്ന് പീഡനത്തിനിരയായ 20 കാരിയുമായി നൗഫൽ കൊവിഡ് കെയർ സെന്ററിലേക്ക് യാത്ര തുടർന്നു. യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഡിഎൻഎ ടെസ്റ്റും ആംബുലൻസിന്റെ ജിപിഎസ് ട്രാക്കും കേസിൽ നിർണായക തെളിവായി. പീഡനശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇതും കേസിൽ നിർണായക തെളിവായി.
ആശുപത്രിയിലെത്തിയ ഉടൻ പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
Story Highlights: A man has been sentenced to life imprisonment for sexually assaulting a COVID-19 patient in an ambulance in Pathanamthitta, Kerala.