പാലക്കാട് കരിമ്പയിൽ ലോറി അപകടത്തിൽ മരിച്ച നാല് വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഇന്ന് അവരുടെ ജന്മനാട്ടിൽ സംസ്കരിക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. രാവിലെ 8.30 മുതൽ 10 വരെ കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുപ്പനാട് ജുമാ മസ്ജിദിലാണ് നാലുപേരുടെയും കബറടക്കം നടക്കുക.
കരിമ്പ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകീട്ട് നാലു മണിയോടെ പനയംപാടത്ത് വെച്ചാണ് ലോറി മറിഞ്ഞ് കുട്ടികൾ മരിച്ചത്. പരീക്ഷയിലെ ചോദ്യങ്ങൾക്ക് അവരെഴുതിയ ഉത്തരങ്ങൾ ഒത്തുനോക്കി മിഠായി നുണഞ്ഞ് നടക്കുകയായിരുന്ന കുട്ടികളുടെ ജീവനാണ് പിന്നിലൂടെ വന്ന ലോറി എടുത്തത്.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണൻകുട്ടിയും കുട്ടികളുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോൾ സഹിക്കാനാകാതെ വീട്ടുകാർ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങൾ നാട്ടുകാരുടെയാകെ ഉള്ളുലച്ചു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇവരുടെ കൂട്ടുകാരി അജ്ന ഷെറിൻ ഇപ്പോഴും ഞെട്ടലിലാണ്. ഈ ദാരുണമായ സംഭവം നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Story Highlights: Four students killed in Palakkad truck accident to be laid to rest in their hometown