പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് അടിയന്തര യോഗം വിളിച്ചുചേർത്തു. ദേശീയ സുരക്ഷാ സമിതിയുടെ യോഗം നാളെ ചേരുമെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ യോഗവിവരം സ്ഥിരീകരിച്ചു.
പുറമേ നിന്നുള്ള വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടിവരുമ്പോഴോ കനത്ത തീവ്രവാദ ആക്രമണമുണ്ടാകുമ്പോഴോ മാത്രമാണ് പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി അടിയന്തര യോഗം ചേരുന്നത്. ഇന്ത്യയിലെ പാകിസ്ഥാൻ പൗരന്മാർ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും വിസ നൽകില്ലെന്നും കേന്ദ്ര മന്ത്രിസഭാ സമിതി യോഗം നിർദ്ദേശിച്ചിരുന്നു. വിസ നിർത്തലാക്കൽ ഉൾപ്പെടെയുള്ള ശക്തമായ നയതന്ത്ര നിയന്ത്രണങ്ങൾ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനിലെ ഈ നീക്കം.
സിന്ധു നദീജല കരാർ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചു. ഇരുരാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55 ൽ നിന്ന് 30 ആയി കുറയ്ക്കാനും യോഗം തീരുമാനിച്ചു. പാക് ഹൈക്കമ്മീഷനിലെ പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടണമെന്നും നിർദ്ദേശമുണ്ട്. കനത്ത ജാഗ്രത തുടരണമെന്ന് സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അട്ടാരി ചെക്ക് പോസ്റ്റ് വഴി പാകിസ്ഥാനിൽ പോയ ഇന്ത്യക്കാർ മെയ് ഒന്നിനകം മടങ്ങിയെത്തണമെന്നും നിർദ്ദേശമുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ എത്തുന്ന അട്ടാരി ചെക്ക് പോസ്റ്റ് അടയ്ക്കാനും ഇന്ത്യ ഒരുങ്ങുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് യോഗത്തിന് ശേഷം ഈ വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. നയതന്ത്ര ബന്ധത്തിന് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്.
Story Highlights: Following the Pahalgam attack, Pakistan PM Shehbaz Sharif convened an emergency National Security Committee meeting amidst heightened diplomatic tensions with India.