പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സർവകക്ഷിയോഗം വിളിച്ചുകൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നാളെയാണ് യോഗം ചേരുക. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. സുരക്ഷ സേനകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനമായത്. പാകിസ്ഥാന്റെ പങ്ക് വ്യക്തമായതിനെ തുടർന്ന്, പാകിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങി. സിന്ധു നദീജല കരാർ റദ്ദാക്കാനും തീരുമാനമായി.
നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കും. നിലവിൽ 55 ഉദ്യോഗസ്ഥരുള്ളത് 30 ആയി കുറയ്ക്കാനാണ് തീരുമാനം. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന അട്ടാരി ചെക്ക്പോസ്റ്റ് അടയ്ക്കാനും ഇന്ത്യ ഒരുങ്ങുന്നു.
പാക് ഹൈക്കമ്മീഷനിലെ പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. രണ്ടര മണിക്കൂറിലേറെ നീണ്ടുനിന്ന മന്ത്രിസഭാ സമിതി യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. പാകിസ്ഥാനെ സാമ്പത്തികമായും മറ്റും ബാധിക്കുന്ന നിർണായക തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്.
Story Highlights: Following the Pulwama attack, the Indian government convened an all-party meeting chaired by Defense Minister Rajnath Singh.