കണ്ണൂര് എഡിഎമ്മായിരുന്ന കെ നവീന് ബാബുവിന്റെ ആത്മഹത്യാ കേസില് റിമാന്ഡില് കഴിയുന്ന പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്സ് കോടതി ഇന്ന് പരിഗണിക്കും. സാങ്കേതിക നടപടിക്രമങ്ങള് പൂര്ത്തിയാക്കുന്നതൊഴിച്ചാല് കേസില് വിശദവാദം ഇന്ന് നടക്കില്ല. നവീന് ബാബുവിന്റെ കുടുംബവും കേസില് കക്ഷി ചേര്ന്ന് ജാമ്യാപേക്ഷയെ എതിര്‍ക്കും. അതേസമയം, പി പി ദിവ്യയെ കസ്റ്റഡിയില് ആവശ്യപ്പെട്ട് അന്വേഷണസംഘം കണ്ണൂര് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഇന്ന് അപേക്ഷ നല്കാനാണ് തീരുമാനം.
നവീന് ബാബുവിന്റെ മരണത്തില് കണ്ണൂര് കളക്ടര് അരുണ് കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് ഇന്ന് കണ്ണൂര് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്ച്ച് നടത്തും. ദിവ്യയുടെ റിമാന്ഡ് റിപ്പോര്ട്ടില്, നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനല് മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് പരാമര്ശം. ദിവ്യ ഉന്നത നേതാവായതിനാല് സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
അന്വേഷണസംഘത്തോട് ദിവ്യ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സംഭവത്തിന്റെ സാക്ഷികളുടെ മൊഴികളില് നിന്ന് വ്യക്തമാണ്. താന് ഇതുവഴി പോയപ്പോള് പരിപാടി നടക്കുന്നത് അറിഞ്ഞ് വന്നതാണെന്ന് ദിവ്യ തന്നെ തന്റെ പ്രസംഗത്തില് സൂചിപ്പിക്കുന്നുമുണ്ട്. ദിവ്യ നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഇത്രയും കാലം ഒളിവിലായിരുന്നുവെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു.
Story Highlights: Court to consider P P Divya’s bail application in Kannur ADM K Naveen Babu’s suicide case