തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രതികരണവുമായി മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. താനുമായുള്ള ചർച്ചയ്ക്കു തെളിവായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയത് തെറ്റായ നടപടിയായാണ് കാണുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഡിസിസി അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കാനായി താൻ പട്ടിക നൽകിയിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രാഥമിക ചർച്ചകളിൽ ചില പേരുകൾ പറഞ്ഞിരുന്നു. ആ ചർച്ചകൾ അപൂർണമായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ചര്ച്ചയുടെ വിശദാംശങ്ങള് പുറത്തുപറഞ്ഞതും ശരിയല്ല. കഴിഞ്ഞ 18 വർഷങ്ങളിൽ ഉണ്ടായ പുനഃസംഘടനയിൽ ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
‘പ്രാഥമിക പട്ടിക ചോദിച്ചപ്പോൾ ചില പേരുകൾ പറയുക മാത്രമാണു ചെയ്തത്. പാനലാണു ചോദിച്ചത്. അദ്ദേഹം അതു കുറിച്ചെടുത്തു. അത്രയെ ഉണ്ടായിട്ടുള്ളൂ.
പിന്നീടു കാണാം എന്നു പറഞ്ഞാണ് ചർച്ച പിരിഞ്ഞത്. അതിനു ശേഷം ചർച്ചയൊന്നുമുണ്ടായില്ല. താനും രമേശ് ചെന്നിത്തലയും നേതൃത്വത്തിൽ ഉണ്ടായിരുന്നപ്പോൾ മൂന്നോ നാലോ പുനഃസംഘടന നടന്നിട്ടുണ്ട്. ഇതുപോലൊരു സാഹചര്യം അന്നൊന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
പേരുകൾ അടങ്ങിയ ഡയറി ഉയർത്തിക്കാട്ടിയത് ചിലർക്ക് ശരിയായിരിക്കും.എന്നാൽ മറ്റു ചിലർക്ക് അതു തെറ്റും. എനിക്കതു ശരിയായി തോന്നുന്നില്ല. നടന്ന ചർച്ച അപൂർണമായിരുന്നു, പിന്നീടു കാണാമെന്നു പറഞ്ഞാണു പിരിഞ്ഞത്.’ ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Story highlight : Oomman chandy replies to k sudhakaran.