ഭുവനേശ്വർ◾ ഒഡീഷ മുന് ഐടി മന്ത്രിയ്ക്ക് സൈബര് തട്ടിപ്പിലൂടെ ഒന്നര മാസത്തിനിടെ 1.4 കോടി രൂപ നഷ്ടപ്പെട്ടതായി വിവരം. നിലവിൽ ഒഡീഷ എംഎൽഎ കൂടിയായ അദ്ദേഹത്തെ ട്രേഡിംഗ് സംബന്ധമായ മുൻ മന്ത്രിയെ സ്വാധീനിച്ചാണ് പണം തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് പേര് കര്ണാടക സ്വദേശികളും മൂന്ന് പേര് തമിഴ്നാട്ടില് നിന്നുള്ളവരുമാണ്. ഒന്നര മാസത്തിനിടെ പല തവണകളായാണ് മുൻ മന്ത്രിക്ക് തുക നഷ്ടപ്പെട്ടത്. കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പോലീസിൽ ഈ ജനുവരിയിലാണ് പരാതി നൽകിയത്.
പ്രതികളും അവരുടെ കൂട്ടാളികളും ട്രേഡ് അനലിസ്റ്റുകളായി വേഷമിടുകയും ഓഹരികളിലായും മറ്റ് തരത്തിലുള്ള വ്യാപാരത്തിലും പണം നിക്ഷേപിക്കാന് പ്രേരിപ്പിക്കുകയും ഉയര്ന്ന വരുമാനം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2024 നവംബര് 13 നും 2025 ജനുവരി 1 നും ഇടയില് മുൻ മന്ത്രിയ്ക്ക് 1.4 കോടി രൂപ നഷ്ടപ്പെട്ടതെന്ന് ഒഡീഷ ക്രൈം ബ്രാഞ്ച് യൂണിറ്റ് കണ്ടെത്തി.
ജനുവരി 13 നാണ് സൈബർ തട്ടിപ്പുകാർ മൊബൈൽ ആപ്പ് വഴി പരാതിക്കാരനിൽ നിന്ന് 1.4 കോടി രൂപ തട്ടിയെടുത്തതായി ഞങ്ങൾക്ക് പരാതി ലഭിച്ചതെന്നു ക്രൈം ബ്രാഞ്ച് ഐജി സാർത്ഥക് സാരംഗി പറഞ്ഞു. എന്നാൽ പരാതിക്കാരനായ മുൻ ഐടി മന്ത്രിയും നിലവിൽ എംഎൽഎയുമായ ആളുടെ പേര് വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ, ഡൽഹി, ഹിമാചൽ പ്രദേശ്, ആസ്സാം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ആദ്യ ഘട്ടത്തിൽ, കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലേക്ക് ക്രൈംബ്രാഞ്ച് സംഘങ്ങളെ അയച്ചിരുന്നു. ഇതിനിടെ കർണാടക, തമിഴ്നാട് സ്വദേശികളായ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ ഉടൻ തന്നെ ഹൈദരാബാദ്, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലേക്ക് ക്രൈം ബ്രാഞ്ച് സംഘത്തെ അയയ്ക്കുമെന്ന് പോലീസ് പോലീസ് പറഞ്ഞു. ഇതുവരെ പ്രതികളിൽ നിന്ന് ക്രൈം ബ്രാഞ്ച് 4 ലക്ഷം രൂപ തിരിച്ചു പിടിച്ചു. പ്രതികളുടെ അക്കൗണ്ടുകളിൽ നിന്നും 15 ലക്ഷം രൂപ മരവിപ്പിച്ചിട്ടുമുണ്ട്. ഈയടുത്ത കാലത്ത് ഒരു യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ഒരു നാവിക ഉദ്യോഗസ്ഥനും സൈബർ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ട്. ഈ സംഭവങ്ങളിലും അന്വേഷണം തുടരുകയാണ്.