എറണാകുളം വടക്കൻ പറവൂരിൽ മോഷണ ശ്രമം നടത്തിയ സംഘത്തിനായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാട്ടുകാരുടെ ആശങ്ക തുടരുന്ന സാഹചര്യത്തിൽ രാത്രികാല പട്രോളിങ്ങും ഡ്രോൺ നിരീക്ഷണവും ഉൾപ്പെടെ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെയാണ് രാത്രികാല പെട്രോൾ നടത്തിയത്.
വടക്കൻ പറവൂരിലെ വിവിധ സ്ഥലങ്ങളിൽ രാത്രിയിൽ മോഷണ ശ്രമം നടത്തിയവർക്ക് കുറുവ സംഘവുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. എന്നാൽ, ഈ ബന്ധം ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ കൊച്ചി കുണ്ടന്നൂരിൽ കുട്ടവഞ്ചിയിൽ മീൻ പിടിക്കുന്നവർക്കിടയിൽ നിന്നും മരട് പൊലീസ് പിടികൂടിയ രണ്ടുപേരെ പറവൂർ വടക്കേക്കര പൊലീസും വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
കുട്ടവഞ്ചിക്കാർക്കിടയിൽ നിന്നും പിടിയിലായ സേലം മഹേഷ് എന്ന ജെയിംസ്, നെടുങ്കണ്ടം സ്വദേശി ശിവാനന്ദൻ എന്നിവർക്ക് കുറുവാ സംഘവുമായി ബന്ധമുള്ളതായാണ് സൂചന. ഇരുവരും വിവിധ ജില്ലകളിലായി ഒൻപതോളം മോഷണ കേസുകളിൽ പ്രതികളാണെന്നും പൊലീസ് കണ്ടെത്തി. ഇരുവരുടെയും ഭാര്യമാർ തമിഴ്നാട് സ്വദേശികളാണ്. രണ്ടു പേർക്കും ഭാര്യമാർ വഴി കുറുവ സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം. സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ അറിയിക്കണമെന്ന് പൊലീസ് നൽകിയ ജാഗ്രതാ നിർദേശത്തെ തുടർന്ന് നാടോടികളായ ചിലരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയിരുന്നു. ഇതിൽ രണ്ടുപേരെ മാനസിക അസ്വാസ്ഥ്യം ഉള്ളവരാണെന്ന് കണ്ട് പൊലീസ് വിട്ടയക്കുകയും ചെയ്തു.
Story Highlights: Police investigation intensifies in North Paravur theft attempt case with special team, drone surveillance, and night patrols