കനത്തമഴ മൂലം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾ തുറക്കുകയാണ്.
ഇന്നലെ വൈകിട്ടോടെ കക്കി, ഷോളയാർ അണക്കെട്ടുകൾ തുറന്നിരുന്നു.ഇടുക്കി, ഇടമലയാർ, പമ്പ ഡാമുകൾ ഇന്ന് തുറന്നു.
രാവിലെ അഞ്ചുമണിയോടെയാണ് പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള് 30 സെന്റിമീറ്റര് വീതം തുറന്നത്.
ആറുമണിക്കാണ് ഇടമലയാർ തുറന്നത്.ഇടമലയാര് ഡാമിന്റെ രണ്ട് ഷട്ടറുകള് 80 സെന്റിമീറ്റര് വീതമാണ് ഇന്ന് തുറന്നത്.
വെള്ളം ഒഴുകുന്ന പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.അതേസമയം ഇന്നും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഇല്ല.എന്നാൽ നാളെ മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നത് കണക്കിലെടുത്താണ് ഡാമുകൾ തുറക്കുന്നത്.
അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്.
ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്.
അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അതീവ ജാഗ്രത പുലർത്താനും എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് നിലവിൽ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story highlight : No rain alert in the state today,More dams are opening.