മലപ്പുറത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കർശന മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരികയാണ്. രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നാണ് ഈ സാമ്പിളുകൾ ശേഖരിച്ചത്.
ജില്ലയിൽ ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. നിപ ബാധിച്ച് മരിച്ച 24 കാരന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. യുവാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 15 സഹപാഠികൾ നിരീക്ഷണത്തിലാണ്.
ബംഗളൂരിൽ വിദ്യാർത്ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേർക്ക് ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പനിയുള്ളവരെ കണ്ടെത്താൻ ഇന്നുമുതൽ ഫീവർ സർവേ ആരംഭിക്കും. നിപ സ്ഥിരീകരിച്ച പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലാണ് സർവേ നടക്കുക. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ചു വാർഡുകളാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോൺ ആക്കിയിരിക്കുന്നത്.
സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്ന് മലപ്പുറത്തെത്തും.
Story Highlights: Nipah virus confirmed in Malappuram, 10 samples sent for testing, containment measures implemented