കാസര്ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില് ഗുരുതരമായി പരുക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ചോയ്യങ്കോട് കിണാവൂര് സ്വദേശിയായ 38 വയസ്സുകാരന് സന്ദീപാണ് മരിച്ചത്. കണ്ണൂരിലെ ബേബി മെമ്മോറിയല് ആശുപത്രിയില് ചികിത്സയിലായിരുന്ന സന്ദീപിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്ന് സന്ധ്യയോടെയാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം സംഭവിച്ചത്. രാത്രി 12 മണിയോടെ ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിച്ചു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. നൂറ് മീറ്റര് അകലം വേണമെന്ന ചട്ടങ്ങള് കാറ്റില്പ്പറത്തിയായിരുന്നു വെടിക്കെട്ട് നടത്തിയത്.
ആകെ 100 പേര്ക്കാണ് വെടിക്കെട്ട് അപകടത്തില് പരുക്കേറ്റത്. ഇതില് 32 പേര് ഐസിയുവില് തുടരുകയാണ്. അഞ്ചുപേര് വെന്റിലേറ്ററില് ചികിത്സയിലാണ്. കമ്പപ്പുരയ്ക്ക് സമീപത്തുണ്ടായിരുന്നവര്ക്കാണ് കൂടുതല് പൊള്ളലേറ്റത്. ആശുപത്രിയിലുള്ളവരുടെ ചികിത്സ ചിലവ് സര്ക്കാര് വഹിക്കുമെന്ന് മന്ത്രി സഭായോഗത്തില് തീരുമാനിച്ചിരുന്നു. പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികള്ക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്തതും തെളിയിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.
Story Highlights: Young man dies in Nileshwar firework accident, 100 injured, 32 in ICU