ചെന്നൈ തിരുവള്ളൂവരിന് സമീപം കവരൈപേട്ടൈയിൽ നടന്ന ട്രെയിൻ അപകടത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. അപകടത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നതിനാണ് അന്വേഷണം നടത്തുന്നത്. എൻഐഎ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ദക്ഷിണ റെയിൽവേ സേഫ്റ്റി കമ്മീഷണർ ഇ എം ചൗധരിയും അപകട സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
അപകടം നടന്ന സ്ഥലത്ത് ട്രാക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജരും അഡീഷണൽ ജനറൽ മാനേജരും പ്രിൻസിപ്പൽ ഡിപ്പാർട്ട്മെൻ്റ് മേധാവികളും റെയിൽവേയുടെ മറ്റ് ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. വേർപെട്ട് പോയ ബോഗികൾ വൈകിട്ടോടെ ട്രാക്കിൽ നിന്ന് മാറ്റാനാകുമെന്ന് ടിഎൻഡിആർഎഫ് യൂണിറ്റ് ഇൻസ്പെക്ടർ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. സിഗ്നൽ നൽകിയത് പോലെ മെയിൻ ലൈനിലേക്ക് തിരിയുന്നതിന് പകരം ദർഭാങ്ക ഭാഗ്മതി എക്സ്പ്രസ് ലൂപ്പ് ലൈനിലേക്ക് മാറുകയും അവിടെ ഉണ്ടായിരിക്കുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ട്രെയിനിൻ്റെ 2 പാഴ്സൽ വാൻ തീപിടിക്കുകയും 13 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. അപകടത്തിൽ 19 പേർക്കാണ് പരിക്കേറ്റത്, ഇവരിൽ നാലുപേർക്ക് സാരമായ പരിക്കുണ്ട്. സിഗ്നലിംഗ് സംവിധാനത്തിൽ ഉണ്ടായ പിഴവാണോ അതോ പൈലറ്റിന്റെ അശ്രദ്ധ ആണോ അപകടകാരണം എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
Story Highlights: NIA investigates Kavarai Pettai train accident near Chennai for possible sabotage