പയ്യോളിയിൽ നവവധു ആത്മഹത്യ ചെയ്ത നിലയിൽ: ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
പയ്യോളിയിലെ ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കൊയിലാണ്ടി ചേലിയ സ്വദേശിനി ആർദ്ര ബാലകൃഷ്ണനെയാണ് (24) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം രണ്ടിനായിരുന്നു ആർദ്രയുടെയും ഷാനിന്റെയും വിവാഹം.
ഭർത്താവ് ഷാനും അമ്മയും വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം. കുളിക്കാനായി പോയ ആർദ്രയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. ദുബായിൽ ജോലി ചെയ്യുന്ന ഷാൻ മറ്റന്നാൾ തിരികെ പോകാനിരിക്കെയാണ് സംഭവം.
എൽഎൽബി ബിരുദധാരിയായ ആർദ്ര കഴിഞ്ഞ മാസമാണ് പഠനം പൂർത്തിയാക്കിയത്. ആത്മഹത്യ ചെയ്യാൻ എന്തെങ്കിലും കാരണമുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യയ്ക്ക് ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ബാത്ത്റൂമിൽ വീണു എന്നാണ് അയൽവാസികളോട് പറഞ്ഞത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആർദ്രയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു. പയ്യോളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: A newlywed woman was found dead in her husband’s house in Payyoli, Kerala, with relatives alleging suspicious circumstances.