പാലോട് ഇളവട്ടത്ത് ഭർതൃവീട്ടിൽ നവവധു മരിച്ച സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൊളച്ചൽ കൊന്നമൂട് സ്വദേശിനിയായ ഇന്ദുജ (25) ആണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ദുജയെ ഭർത്താവ് അഭിജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയുടെ ജനാലയിൽ കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ അച്ഛൻ പാലോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ തഹസിൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു ഇന്ദുജ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വിശദാംശങ്ങൾ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു. ഇന്ദുജയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Story Highlights: Newly married woman found dead in husband’s house in Palode, family alleges murder