◾തിരുവനന്തപുരം: അനന്തു അജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട എൻ.എം നെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. സംഭവത്തിൽ തമ്പാനൂർ പോലീസ് ഉടൻതന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
അനന്തുവിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എറണാകുളം സ്വദേശിയായ ഡോക്ടറുടെ മൊഴി ഇന്ന് തമ്പാനൂർ പോലീസ് രേഖപ്പെടുത്തും. ഈ കേസിൽ തമ്പാനൂർ പോലീസ് പ്രേരണാക്കുറ്റം ചുമത്തി ഒരാളെ പ്രതി ചേർത്തിട്ടുണ്ട്. ആർ.എസ്.എസിൻ്റെ സജീവ പ്രവർത്തകനായ എൻ.എം എന്നയാളെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
അനന്തുവിൻ്റെ മരണത്തിൽ പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. എന്നാൽ പിന്നീട്,അനന്തുവിനെക്കുറിച്ച് എൻ.എം പറയുന്ന ഒരു വീഡിയോ ദൃശ്യം പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
അനന്തുവിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലും എൻ.എമ്മിൻ്റെ പേര് പരാമർശിച്ചിട്ടുണ്ട്. ആർ.എസ്.എസ് ക്യാമ്പിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് അനന്തുവിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ ഉള്ളടക്കം. എൻ.എം നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.
അനന്തുവിൻ്റെ ഷെഡ്യൂൾ ചെയ്ത പോസ്റ്റ് പുറത്തുവന്നതിനു ശേഷമാണ് കേസിൽ കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്. പോസ്റ്റിൽ എൻ.എം എന്ന പേര് മാത്രമാണ് ഉണ്ടായിരുന്നത്. പ്രതി വിദേശത്താണെന്നുള്ള സൂചനയും പോസ്റ്റിലുണ്ട്.
അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ട എൻ.എം വിദേശത്താണെന്നുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷം പോലീസ് തുടർനടപടികൾ സ്വീകരിക്കും.
Story Highlights: Police identified NM in Anandu Aji’s suicide case and will submit a report to the court soon.