കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അജ്മലിന്റെയും ഡോക്ടർ ശ്രീക്കുട്ടിയുടെയും മൊഴികളുടെ വിശദാംശങ്ങൾ പുറത്തുവന്നു. സിനിമ കൊറിയോഗ്രാഫറാണെന്ന് പറഞ്ഞാണ് അജ്മൽ പരിചയപ്പെട്ടതെന്നും അയാൾ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഡോക്ടർ ശ്രീക്കുട്ടി പൊലീസിന് മൊഴി നൽകി. താനും അജ്മലും മദ്യം ഉപയോഗിക്കാറുണ്ടെന്നും പണവും സ്വർണ്ണവും നൽകിയത് അജ്മൽ ആവശ്യപ്പെട്ട പ്രകാരമാണെന്നും ശ്രീകുട്ടി വ്യക്തമാക്കി.
അതേസമയം, ഭയം കൊണ്ടാണ് താൻ വാഹനവുമായി രക്ഷപ്പെട്ടതെന്നും പിൻതുടർന്നവരിൽ ചിലരുമായി തനിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നും അജ്മൽ പൊലീസിനോട് പറഞ്ഞു. പ്രതികൾ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതോടെ പ്രതികളുടെ രക്തസാമ്പിളുകളിൽ രാസ ലഹരി സാന്നിധ്യം കണ്ടെത്താനും പരിശോധന നടത്തും.
ഡോക്ടർ ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്നതിലും അന്വേഷണം ആരംഭിച്ചു. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും. റിമാൻഡ് റിപ്പോർട്ടിൽ, ഡോക്ടർ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ അജ്മലിന് നിർദേശം നൽകിയെന്ന് പറയുന്നു.
തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനിൽക്കുന്നതാണെന്ന് മജിസ്ട്രേറ്റ് നിരീക്ഷിച്ചു. കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്.
Story Highlights: Kollam Mynagappally accident: Dr Sreekutty claims ignorance of Ajmal’s criminal background, both admit to alcohol use