വിഴിഞ്ഞം തുറമുഖത്ത് എം എസ് സിയുടെ ഭീമൻ കപ്പലായ ‘തുർക്കി’ നങ്കൂരമിട്ടു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നാണ് എം എസ് സി തുർക്കി. സിംഗപ്പൂരിൽ നിന്നാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന 257-ാമത്തെ കപ്പലാണിത്.
ടഗുകൾ ഉപയോഗിച്ച് കപ്പലിനെ തീരത്തേക്ക് അടുപ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുന്നു. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പൽ ഘാനയിലേക്ക് യാത്ര തിരിക്കും. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് എം എസ് സി തുർക്കി നങ്കൂരമിടുന്നത് ഇതാദ്യമാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും കൊമേഴ്സ്യൽ ഓപ്പറേഷൻസും ആരംഭിച്ചതിന് ശേഷം ഇതുവരെ 246 കപ്പലുകളാണ് എത്തിച്ചേർന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിനുള്ള ത്രികക്ഷി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ, അദാനി പോർട്ട്, ബാങ്ക് കൺസോർഷ്യം എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ഈ കരാർ നിർണായകമാകും. ലോകത്തിലെ പ്രമുഖ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: MSC Türkiye, one of the world’s largest container ships, docked at Vizhinjam Port.